Monday, 4 August 2025
അന്യഗ്രഹജീവികൾ ഉണ്ടോ?
അന്യഗ്രഹ ജീവികൾ ഉണ്ടോ ? അവ ഭൂമിയിൽ വരികയും നമ്മെ ആക്രമിക്കുകയും ചെയ്യുമോ ? നൂറ്റാണ്ടുകളായി നമ്മൾ ഭൂമിയിലെ മനുഷ്യർ ചർച്ച ചെയ്യുന്ന ഒരു കൗതുക വാർത്തയാണിത്. എന്തിന് സ്വർഗ്ഗവും നരകവും തുടങ്ങി വിവിധ മതങ്ങളിലെ സങ്കല്പങ്ങൾക്ക് പോലും ഭൂമിക്ക് അപ്പുറത്തേക്കുള്ള ജീവിതത്തേക്കുറിച്ച് പറയാൻ ഏറെയുണ്ട്.
Independence Day എന്ന 96 ലെ ത്രസിപ്പിക്കുന്ന ഹോളിവുഡ് ചിത്രവും Interstellar തുടങ്ങിയവയും ഓർമ്മയില്ലേ? അങ്ങനെ എത്രയോ ചിത്രങ്ങൾ ! അപ്പോഴും മിത്തുകൾക്കും ഭാവനകൾക്കും അപ്പുറം ശാസ്ത്രലോകം ഭൂമിക്ക് വെളിയിൽ ജീവൻ്റെ കണിക ഉണ്ടോയെന്ന് തേടിക്കൊണ്ടിരിക്കുകയാണ്.
അങ്ങനെയിരിക്കേ നമ്മുടെ ശാസ്ത്രലോകത്ത് ആവേശവും ജിജ്ഞാസയും ഉണർത്തിക്കൊണ്ട്, നമ്മുടെ സൗരയൂഥത്തിലൂടെ അതിവേഗം കടന്നു പോകുന്ന അഥവാ കടന്ന് വരുന്ന ഒരു അസാധാരണ വസ്തുവിനെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ ജൂലൈ 1-ന് സൗരയൂഥത്തിലൂടെ അതിവേഗത്തിൽ പറക്കുന്ന നിഗൂഡമായ ഒരു അജ്ഞാത വസ്തുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തി. NASA-യുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ചിലിയിലെ റിയോ ഹുർട്ടാഡോയിലെ Asteroid Terrestrial-impact Last Alert System (ATLAS) ടെലിസ്കോപ്പാണ് ഈ വസ്തുവിനെ കണ്ടെത്തിയത്. അവരതിന് A11pl3Z എന്ന് താൽക്കാലികമായി പേരുമിട്ടു.
ഒരു ധൂമകേതു (comet) ആയിരിക്കാൻ സാധ്യതയുള്ള ഈ ആകാശവസ്തു, ഉടൻ തന്നെ നമ്മുടെ സൗരയൂഥത്തിലെ മൂന്നാമത്തെ അന്തർനക്ഷത്ര വസ്തുവായി (Interstellar Object) സ്ഥിരീകരിക്കപ്പെട്ടു. അതായത് സൗരയൂഥത്തിന് പുറത്ത് നിന്നുള്ളത് എന്നർത്ഥം.
അങ്ങനെ ശാസ്ത്രലോകം ഇവനെ ഗൗരവത്തോടെ കാണാൻ തുടങ്ങി. ചെല്ലപ്പേര് മാറ്റി സ്ക്കൂളിൽ ചേർക്കുമ്പോൾ സ്‌റ്റൈലൻ പേരിടുന്ന പോലെ ഇവനും ശാസ്ത്രഞ്ജർ പുതിയ പേരു നൽകി. 3I/ATLAS അല്ലെങ്കിൽ C/2025 N1 (ATLAS) എന്നാണിവൻ്റെ ഇപ്പോളുള്ള പേര്.
സൗരയൂഥത്തെ നമ്മുടെ രാജ്യമായി ചിന്തിച്ചാൽ ഇവൻ ഒരു ടൂറിസ്റ്റാണ്. അഥവാ അപൂർവ അന്തർനക്ഷത്ര സന്ദർശകൻ. ഇതിന് മുൻപ് മറ്റ് നക്ഷത്രജാലങ്ങളിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് സന്ദർശകർ എത്തിയത് 2017ലും 2019ലും ആയിരുന്നു.
1I/‘Oumuamua, 2019-ലെ 2I/Borisov എന്നൊക്കെയായിരുന്നു അവറ്റകളുടെ പേര്. (ഈ പേരൊക്കെ അവർക്കറിയാമായിരുന്നോ എന്ന് നമുക്കറിഞ്ഞു കൂടാ) ഏതായാലും അവയൊന്നും നമുക്ക് ശല്യം ഉണ്ടാക്കാതെ സ്ഥലം വിട്ടു. പക്ഷേ ഈ വരുന്ന പാർട്ടി അങ്ങനെയല്ലാത്രേ. ആള് കുഴപ്പക്കാരനാകാൻ സാദ്ധ്യത ഉണ്ടെന്ന് നാസയിലെ ഗവേഷകര് പറയുന്നുണ്ട്.
Vera C. Rubin എന്ന Observatory എടുത്ത ചിത്രങ്ങൾ വച്ച് പഠിച്ച ഗവേഷകര് ഈ വസ്തുവിന് ഏകദേശം 7 മൈൽ (11 കി.മീ) വ്യാസമുണ്ട് എന്ന് പറയുന്നു. ന്യൂയോർക്കിലെ മാൻഹട്ടനേക്കാൾ വലുത് എന്നും പറയുന്നു. ഏതായാലും മണിക്കൂറിൽ ഏകദേശം 140,000 മൈൽ (61 കി.മീ/സെ) വേഗതയിൽ ആകാശഗംഗയിലൂടെ (Milky Way) കുത്തനെയുള്ള ടിയാന്റെ വരവത്ര പന്തിയല്ല എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നത്. ഒരു പക്ഷേ നമ്മളേക്കാൾ ഉയർന്ന നിലയിലുള്ള അന്യഗ്രഹ ജീവികൾ സഞ്ചരിക്കുന്ന വാഹനമാകാം എന്നൊക്കെയാണ് ഈ വധൂരികൾ മനുഷ്യനെ പറഞ്ഞ് പേടിപ്പിക്കുന്നത്.
നൂറ്റാണ്ട് മുൻപ് ജീവിച്ചിരുന്ന ബർഗേറിയായിലെ അന്ധയായ പ്രവചനക്കാരി ബാബ വംഗ ഇങ്ങനെയൊരു അന്യഗ്രഹ ജീവികളുടെ വരവിനെ കുറിച്ച് പറഞ്ഞിരുന്നതായി പ്രചാരണം നടക്കുന്നുണ്ട്.
ഇതിനെ കുറിച്ചല്ലെങ്കിലും നമ്മുടെ സ്വന്തം രജിത് ജിയും (Rejith Kumar ) അന്യഗ്രഹജീവികളുടെ വരവുണ്ടാകും എന്ന് തന്നെയാണ് പറയുന്നത്. അത് പക്ഷേ ഹോളിവുഡ് സിനിമകളിൽ കാണുന്ന വിചിത്ര ജീവികളല്ല മറിച്ച് നമ്മളേക്കാൾ ഉയർന്ന spiritual beings ആയിരിക്കും എന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. അന്യഗ്രഹ ജീവികളെ കുറിച്ചുള്ള വാർത്തകൾ ഒരുപാട് ഇനി നിരന്തരം കേൾക്കുമെന്നും അവ ഇങ്ങനെ സർവ്വ സാധാരണമായി കഴിയുമ്പോൾ സാധാരണ പോലെ അന്യഗ്രഹത്തിൽ നിന്നും ഭൂമിയിലേക്ക് വരവുണ്ടാകും എന്നുമാണ് അദ്ദേഹത്തിൻ്റെ പ്രവചനം.
ഏതായാലും തത്ക്കാലം നമ്മുടെ ടൂറിസ്റ്റായ 3I/ATLAS, സൂര്യനിൽ നിന്ന് ഏകദേശം 420 ദശലക്ഷം മൈൽ (670 ദശലക്ഷം കിലോമീറ്റർ) അകലെ, വ്യാഴത്തിന്റെയും ഛിന്നഗ്രഹ വലയത്തിന്റെയും (asteroid belt) ഭ്രമണപഥങ്ങൾക്കിടയിലാണുള്ളത്. 2025 ഒക്ടോബർ 30-ന്, ഇത് സൂര്യനോട് ഏറ്റവും അടുത്തെത്തും (perihelion). ഇതിന് ശേഷം, 2025 നവംബറിലോ, ഡിസംബറിലോ ഭൂമിയോട് ഏറ്റവും ചേർന്ന ദൂരത്തെത്തും എന്നും പറയുന്നു. എന്നാലിത് ഭൂമിയിൽ ഇടിച്ചിറങ്ങുമെന്നും ഒരു വിഭാഗം പറയുന്നുണ്ട്. അങ്ങനെയെങ്ങാനും ഇറങ്ങിയാൽ പിന്നെ പറയേണ്ടല്ലോ. നൂറ് ആറ്റം ബോംബ് വീഴും പോലിരിക്കും. എല്ലാം തീരും.
എന്നാൽ ഈ പാവം ഭൂമിക്ക് യാതൊരു ഭീഷണിയും ഉണ്ടാക്കാതെ ഏകദേശം 1.6 AU (150 ദശലക്ഷം മൈൽ) അപ്പുറത്ത് കൂടി മര്യാദക്കങ്ങ് സ്ഥലം കണ്ടേച്ച് പൊയ്ക്കോളും എന്നും ചില ഗവേഷകര് പറയുന്നു. അങ്ങനെ ആശാൻ സൗരയൂഥത്തിലെ ടൂറ് കഴിഞ്ഞ് 2026 മാർച്ചോടെ, ഒരിക്കലും തിരിച്ചുവരാതെ സൗരയൂഥത്തിൽ നിന്ന് പുറത്തു കടന്ന്, വീണ്ടും അന്തർനക്ഷത്ര ശൂന്യതയിലേക്ക് യാത്ര തുടരും എന്നും പറയുന്നവരുണ്ട്.
ഹാർവാർഡ് ജ്യോതിശാസ്ത്രജ്ഞൻ Avi Loeb, ഇതൊരു അന്യഗ്രഹ വാഹനമാകാമെന്ന് ഒരു പ്രബന്ധത്തിൽ പറഞ്ഞതോടെയാണ് ശരിക്കും ശാസ്ത്രലോകം അന്യഗ്രഹ വാഹനം എന്ന സംശയത്തിലേക്ക് എത്തിയത്. ഇതിന്റെ അസാധാരണമായ സഞ്ചാര പാതയും, ദൃശ്യമായ വാതക പുറന്തള്ളലില്ലാതെ non-gravitational acceleration ഉണ്ടെന്ന് അവകാശപ്പെടുന്നതും ചൂണ്ടിക്കാട്ടി, Loeb, ഇതിന്റെ പാത ഭൂമിയുടെ ഭ്രമണപഥവുമായി വളരെ അടുത്ത് യോജിക്കുന്നതും, ശുക്രൻ, ചൊവ്വ, വ്യാഴം എന്നിവയോട് അടുക്കുന്നതും സ്വാഭാവികമായി ഒരു ധൂമകേതു പോലുള്ള വസ്തു ആകാനൊരു സാധ്യതയില്ലാത്തതാണെന്നും വാദിക്കുന്നു.
എന്നാൽ, ഓക്സ്ഫോർഡിലെ Chris Lintott ഉൾപ്പെടെയുള്ള മുഖ്യധാരാ ജ്യോതിശാസ്ത്രജ്ഞർ ഇതിനെ “വിഡ്ഢിത്തം” എന്ന് തള്ളിയിട്ടുണ്ട്. ഇത് വെറും ഒരു സ്വാഭാവിക ധൂമകേതുവാണന്നാണ് അവരുടെ പക്ഷം.
എന്തായാലും 3I/ATLAS എന്ന ഈ സഞ്ചാരിയുടെ വരവ്, നമ്മുടെ ചലനാത്മകമായ പ്രപഞ്ചത്തിന്റെ കൗതുകങ്ങളിലേക്കുള്ള ഒരു ജാലകമാണ്. ആകാശക്കണ്ണുമായി അനന്തതയിലേക്ക് നോക്കാൻ താത്പര്യമുള്ളവർക്ക് ഇവനെ ഇപ്പോൾ, ധനു (Sagittarius) നക്ഷത്രരാശിയിൽ കാണാം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment