Monday, 4 August 2025

ഛത്തീസ്ഗഡ്ഡിലെ മതം മാറ്റം: ദുരുഹതകൾ

അറസ്റ്റിലായ ആ രണ്ടു മലയാളികളായ കന്യാസ്ത്രീകൾക്ക് ഇന്ന് ഛത്തീസ്ഗഡിലെ സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചു. NIA കോടതി പരിഗണിക്കേണ്ട ഗുരുതരമായ വകുപ്പുകൾ ഈ കേസിലുണ്ട് എന്നതാണ് കേസ് പരിഗണിച്ച കോടതി നിരീക്ഷിച്ചത്. FIR റിപ്പോർട്ട് പുറത്ത് വന്നതായി കണ്ടില്ല. എന്നാൽ അത് കാണാതെ തന്നെ പറയാം. അത് തീവ്രവാദത്തിന് എതിരായ വകുപ്പ് കൂടിയാകണം. ഈ മേഖലയിൽ മനുഷ്യക്കടത്ത് NIAയുടെ പരിധിയിൽ വരുന്നതാണെന്ന് വാർത്തകളിൽ കണ്ടു. അതു മാത്രമാണോ വിഷയം എന്ന് ഇപ്പോളും പറയാറായിട്ടില്ല. പക്ഷേ ഞാൻ കഴിഞ്ഞ ദിവസം എഴുതിയ ആ ചോദ്യങ്ങൾ ഇപ്പോളും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. പ്രത്യേകിച്ച് ഇവരുടെ നക്സൽ ബന്ധം. അന്വേഷണം നടക്കേണ്ട വിഷയങ്ങൾ ഒന്നു കൂടി പറയാം. 1. സർക്കാരിനോ സുരക്ഷാ ഏജൻസികൾക്കോ പോലും കടന്നു ചെല്ലാനാകാത്ത നാരായൺപൂർ എന്ന നക്സൽ ബാധിത വനമേഖലയിൽ ഈ കന്യാസ്ത്രീകൾക്ക് / സഭയ്ക്ക് എങ്ങനെ ബന്ധമുണ്ടായി ? 2. ഈ പെൺകുട്ടികളെ കന്യാസ്ത്രീകൾക്ക് കൈമാറാനായി കൊണ്ട് വന്ന പുരുഷൻ നക്സലാണോ, മനുഷ്യക്കടത്ത് ഏജൻ്റാണോ അതോ വെറും ബന്ധുവാണോ? 3. അയാൾ ആരായാലും ശരി അയാൾക്കും ഈ കന്യാസ്ത്രീകൾക്കും, തദ്വാരാ സഭയ്ക്കും ഇന്ത്യൻ സൈനികർ വരെ കൊല്ലപ്പെടുന്ന ഈ നക്സൽ മേഖലയിൽ എന്താണ് ഇടപാട് ? എങ്ങനെ ബന്ധമുണ്ടായി? 4. ആദിവാസി വിഭാഗത്തിൽ പെട്ട ഈ പെൺകുട്ടികളും അവരുടെ കുടുംബവും ക്രിസ്ത്യാനികളാണ് എന്ന് സഭ അവകാശപ്പെടുന്നു. അത് സത്യമാണോ? മാത്രമല്ല കണ്ടാൽ പ്രായപൂർത്തിയായി എന്ന് തോന്നാത്ത ഈ കുട്ടികളുടെ രേഖകൾ യഥാർത്ഥമാണോ വ്യാജമാണോ എന്നറിയേണ്ടേ ? 5. അതേ പോലെ ഇതിൽ ഒരു കുട്ടി റെയിൽവേ സ്റ്റേഷനിൽ വച്ച് തങ്ങളെ നിർബന്ധപൂർവ്വം ആഗ്രക്ക് കൊണ്ട് പോവുകയാണെന്ന് റെയിൽവേ പോലീസിനോട് പരാതി പറഞ്ഞതിനെ തുടർന്നാണ് കേസെടുത്തത് തന്നെ. അങ്ങനെയെങ്കിൽ അത് തട്ടിക്കൊണ്ട് പോകൽ തന്നെയല്ലേ? ഈ കാരണങ്ങൾ പ്രഥമദൃഷ്ട്യാ ബോദ്ധ്യമായതു കൊണ്ടാണ് റെയിൽവേ പോലീസ് കേസെടുത്തത്. പിന്നാലെ സംസ്ഥാന പോലീസ് അതേറ്റെടുത്തതും. അന്വേഷണം നടത്താൻ ന്യായമായ കാരണങ്ങളാണ് ഇവ. അല്ലാതെ ഒരു അക്രമവും ഈ കന്യാസ്ത്രീകൾക്ക് നേരെ നടന്നിട്ടില്ല. മറിച്ച് ഭാരതീയ നിയമ സംഹിത പ്രകാരം കേസെടുക്കുക മാത്രമാണ് ഉണ്ടായത്. രാജ്യത്തെ പ്രത്യേകിച്ച് ആ സംസ്ഥാനം നിയമം നടപ്പിലാക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതും അതാണ്. അതിലെന്താണ് കുഴപ്പം? കന്യാസ്ത്രീകൾക്ക് കോടതിയിൽ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാം. അല്ലാതെ തങ്ങൾക്ക് എന്തോ പ്രിവിലേജ് ഉണ്ടെന്ന മട്ടിൽ പെരുമാറുകയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ ഹുങ്കിൽ വിരട്ടാനുമാണ് കേരളത്തിലെ സഭകളുടെ ഭാവമെങ്കിൽ കളി മാറും. ഇന്ന് റായ്പൂരിൽ കോടതിക്ക് മുന്നിൽ നടന്ന ബജ്റംഗ്ദളിൻ്റെ കൂറ്റൻ പ്രകടനം സൂചിപ്പിക്കുന്നത് അതാണ്. പക്ഷേ നിയമത്തെയും കോടതികളെയും ബഹുമാനിക്കാതെ അന്വേഷണം പോലും ഇല്ലാതെ ഈ കന്യാസ്ത്രീകൾക്കെതിരെയുള്ള കേസുകൾ കള്ളക്കേസാണെന്ന് പ്രഖ്യാപിച്ച് സഭകളെ തൃപ്തിപ്പെടുത്താൻ മത്സരിക്കുകയാണ് കേരളത്തിലെ നാണം കെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളും മാദ്ധ്യമങ്ങളും. ഭരണഘടനയും ബി. എൻ. എസ്സുമൊക്കെ സംഘടിത വോട്ട് ബാങ്ക് വിലപേശലിന് താഴെയേ വരു എന്ന അപകടകരമായ സന്ദേശമാണ് ഇതിലൂടെ അവർ നൽകുന്നത്.
'സന്ദേശം' സിനിമയിൽ വഴിയരികിൽ വണ്ടിയിടിച്ചു മരിച്ചു കിടന്ന അനാഥനെ തങ്ങളുടെ കൊടി പുതപ്പിക്കാൻ മത്സരിക്കുന്ന കോമാളി രാഷ്ട്രീയക്കാരുടെ തനിപ്പകർപ്പാണ് കേരളത്തിലെ എല്ലാ കക്ഷികളും ! ഛത്തീസ്ഗഡ്ഡിലെ കോൺഗ്രസ്സ് പോലും ഒരക്ഷരം മിണ്ടിയിട്ടില്ല എന്നോർക്കണം. പാലായിൽ എസ്ഡിപി ഐ അരമന കയറി പള്ളീലച്ചനെ ആക്രമിച്ചപ്പോൾ കമാന്ന് ഒരക്ഷരം പറയാത്തവർ ഒക്കെ ഇപ്പോൾ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. നിങ്ങളുടെ കൈയ്യിൽ ഭരണം മറിക്കാനുള്ള വോട്ടു ബാങ്കുണ്ടെങ്കിൽ എന്ത് വൃത്തികേട് കാട്ടിയാലും നിങ്ങൾ നിരപരാധികളായിരിക്കും എന്നാണ് ഇവർ പറയാതെ നമ്മോട് പറയുന്നത്. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment