Monday, 4 August 2025

ഛത്തീസ്ഗഡ്ഡിലെ മതപരിവർത്തനം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ സർക്കാരിനോ സൈന്യത്തിനോ പോലും കടന്നു ചെല്ലാനാകാത്ത നാരായൺപൂർ എന്ന നക്സൽ ബാധിത വന മേഖലാ പ്രദേശങ്ങളിൽ നിന്നുള്ള രണ്ട് പെൺകുട്ടികളെ ഒരു പ്രദേശ വാസിയായ ആളോടൊപ്പം ചേർന്ന് 'കടത്തിക്കൊണ്ട്' പോവുകയായിരുന്നു എന്നതാണല്ലോ കേസ്. വിദ്യാഭ്യാസം ഒന്നുമില്ലാത്ത പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടികളെ രേഖകൾ ഒന്നുമില്ലാതെ മതപരിവർത്തനത്തിന് വേണ്ടി ഛത്തീസ്ഗഡ്ഡിനുള്ളിൽ തന്നെ ജോലി കൊടുക്കാം എന്ന് പ്രലോഭിപ്പിച്ച് അവരുടെ സമ്മതമില്ലാതെ ആഗ്രക്ക് കൊണ്ടു പോവുകയായിരുന്നു എന്നതാണ് പോലീസ് ഭാഷ്യം. എന്നാൽ ഈ പെൺകുട്ടികൾക്ക് പതിനെട്ടു വയസ്സു കഴിഞ്ഞതാണ് എന്നും അവർ ക്രിസ്ത്യാനികളാണ് എന്നും അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ ആഗ്രയിൽ ആശുപത്രിയിൽ ജോലി നൽകാൻ കൊണ്ടു പോവുകയായിരുന്നു എന്നുമാണ് സഭ പറയുന്നത്. ഇതിലെ വാസ്തവം എന്തുമാകട്ടെ അത് കോടതിയിൽ തെളിയുമല്ലോ? രണ്ടായാലും, ഈ കേസിൽ ഇതുവരെ പുറത്ത് വരാത്ത ദുരൂഹമായ ഒരു ലിങ്കുണ്ട് എന്ന് സംശയിക്കണം. കാരണം, "സർക്കാരിനോ സൈന്യത്തിനോ പോലും കടന്നു ചെല്ലാനാകാത്ത നാരായൺപൂർ എന്ന നക്സൽ ബാധിത വന മേഖലാ പ്രദേശങ്ങളിൽ" എന്ന് പറയുമ്പോൾ അവിടെ ഈ പറയുന്ന കന്യാസ്ത്രീകൾക്ക് എങ്ങനെ ബന്ധമുണ്ടായി എന്നത് ഒരു ചോദ്യമല്ലേ ?
ഈ പെൺകുട്ടികളെ കൊണ്ട് വന്നത് ഒരു പുരുഷനാണ് എന്ന് വാർത്തകളിൽ പറയുന്നു. അയാൾ ആരാണെന്ന് അന്വേഷിക്കേണ്ടേ ? ബന്ധുവാണോ? നക്സലാണോ?മനുഷ്യക്കടത്ത് ഏജൻ്റാണോ? അതോ സഭയുടെ കുഞ്ഞാടാണോ? ആരായാലും ശരി അയാൾക്കും ഈ കന്യാസ്ത്രീകൾക്കും, തദ്വാരാ സഭയ്ക്കും ഇന്ത്യൻ സൈനികർ വരെ കൊല്ലപ്പെടുന്ന ഈ നക്സൽ മേഖലയിൽ എന്താണ് ഇടപാട് ? എങ്ങനെ ബന്ധമുണ്ടായി? നക്സലുകളുടെ സഹായത്തോടെ ചില വിദേശ രാജ്യങ്ങൾ ഇന്ത്യക്കുള്ളിൽ വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്ന് അറിവുള്ളതാണ്. കേന്ദ്രം ശക്തമായി ഇതിനെ അടിച്ചമർത്താനും ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ പ്രദേശത്ത് സ്വതന്ത്രമായി കടന്ന് ചെല്ലാനും അവിടുത്തെ നിരക്ഷരരായ പ്രദേശ വാസികളെ മതം മാറ്റാനും ജോലി ഓഫർ ചെയ്യാനുമൊക്കെ ഇവർക്ക് സാധിക്കുന്നു എങ്കിൽ അത് സംശയ ദൃഷ്ടിയോടെ തന്നെ വേണം കാണാൻ. അതിലേക്കാണ് യഥാർത്ഥത്തിൽ അന്വേഷണം നീളാൻ.. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment