Monday, 4 August 2025
ഛത്തീസ്ഗഡ്ഡ്: ഇലയ്ക്കും മുള്ളിനും കേടില്ലാതെ ബിജെപി
ഛത്തീസ്ഗഡ്ഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് NIA കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇതിൽ എല്ലാ രാഷ്ട്രീയ കക്ഷികളും മുതലെടുപ്പിന് മാത്രമാണ് ശ്രമം നടത്തിയത്. അതിൽ തെറ്റൊന്നുമില്ല. അതാണല്ലോ രാഷ്ട്രീയം !
കേന്ദ്രവും, ഛത്തീസ്ഗഡ്ഡും ഭരിക്കുന്നത് ബിജെപിയായതു കൊണ്ട് സഭ തങ്ങൾക്ക് റീച്ചുള്ള രാജീവ് ചന്ദ്രശേഖറിനോട് സഹായം അഭ്യർത്ഥിച്ചു. അദ്ദേഹം അത് കൃത്യമായി ചെയ്തു എന്നതിൻ്റെ തെളിവാണ് ഈ ജാമ്യം.
എന്നാൽ സഭകളുടെ ആവശ്യം ഇത് കള്ളക്കേസാണ് അതിനാൽ സംസ്ഥാന സർക്കാരിനോട് പറഞ്ഞ് ഈ കേസ് പിൻവലിപ്പിക്കണം എന്നതായിരുന്നു. അത് നടന്നില്ല. അതിന് കാരണമുണ്ട്.
ഇത് കള്ളക്കേസല്ല മറിച്ച് കാമ്പുള്ള വിഷയം ഇതിലുണ്ട് എന്നതാണ് അവിടത്തെ സർക്കാരിൻ്റെ പക്ഷം. അതിനാൽ തന്നെ കേസ് തത്ക്കാലം പിൻവലിക്കപ്പെട്ടില്ല.
ക്രിസ്ത്യൻ സഭകളുടെ പ്രാഥമിക പരിഗണന തങ്ങളുടെ വിശ്വാസധാരയിലേക്ക് ആളെ കൂട്ടലാണ്. നക്സൽ ബാധിത പ്രദേശത്ത് സൈന്യത്തിന് പോലും എത്തിപ്പെടാനാവാത്ത മാവോയിസ്റ്റുകളുടെ മേഖലയിൽ യഥേഷ്ടം മതം മാറ്റങ്ങൾ നടക്കുന്നു.
അതിനർത്ഥം സഭകൾക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ട് എന്നതാണ് ഛത്തീസ്ഗഡ്ഡിലെ ഹിന്ദു സംഘടനകളുടെ നിലപാട്. അവിടെ ഇതൊരു വലിയ സാമൂഹിക പ്രശ്നമാണ്. അതിനാൽ തന്നെ ഛത്തീസ്ഗഡ്ഡിലെ ബിജെപി സർക്കാരിന് ഈ കേസ് വെറുതേയങ്ങ് പിൻവലിക്കാനാവില്ല.
രാജീവ് ചന്ദ്രശേഖറിൻ്റെ അഭ്യർത്ഥന കാരണം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെട്ട് ഇടഞ്ഞു നിന്ന് ഛത്തീസ്ഗഡ്ഡ് മുഖ്യനെ സമാധാനിപ്പിച്ചു. അതിനാൽ സംസ്ഥാന സർക്കാർ കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കാതെ വിട്ടു. തത്ക്കാലം ഇലയ്ക്കും മുള്ളിനും കേടില്ലാതെ കന്യാസ്ത്രീകളെ ജാമ്യം കൊടുത്ത് പുറത്ത് വിടുന്നു എന്നേയുള്ളൂ. കേസ് തുടരും.
അങ്ങോട്ട് ചെന്ന് സഹായം അഭ്യർത്ഥിച്ച സഭ, കേരളത്തിലെ ബിജെപി അകമഴിഞ്ഞ് സഹായിച്ചിട്ടും പിന്നെയും ബിജെപിയെ വിരട്ടുകയും തള്ളിപ്പറയുകയും ചെയ്യുന്ന നന്ദികേടും അഹങ്കാരവും കാണിക്കുന്നതിന് ഒരൊറ്റ കാരണമേയുള്ളൂ.
ദൈവവേലയെന്നോ, ശ്രുശ്രൂഷയെന്നോ എന്ത് ഓമനപ്പേരിട്ട് വിളിച്ചാലും സഭകൾ നൽകുന്ന സേവനങ്ങൾ മതംമാറ്റം ലക്ഷമാക്കി തന്നെയാണ്. ഇത് തങ്ങളുടെ അവകാശമാണന്നതാണ് അവരുടെ വിചാരം. മതമാറ്റത്തിലൂടെ ആളെ കൂട്ടുന്ന പരിപാടിക്കുള്ള കുറുക്കു വഴികൾ മാത്രമാണ് സ്കൂളും ആശുപത്രിയും ജോലിയും മറ്റെല്ലാ സേവന പ്രവർത്തനങ്ങളും.
ഹിന്ദുക്കൾ സംഘടിതരല്ലാത്തതു കൊണ്ട് അവർക്കാണ് സേവനം' മൊത്തം ലഭിക്കുന്നത്. മുസ്ളീങ്ങൾക്ക് ഈ സേവനങ്ങൾ കിട്ടില്ല. തടി കേടാക്കുന്ന ഒരു ഇടപാടിനും സഭ ചെല്ലില്ല. ഛത്തീസ്ഗഡ്ഡിൽ അതിന് എതിര് നിൽക്കുന്ന ഹിന്ദു സംഘടനകൾ അവരുടെ ശത്രുക്കളാണ്. അത്തരക്കാരെ നേരിടാൻ മാവോയിസ്റ്റുകളോ നക്സലുകളോ വരും. സ്വാമി ലക്ഷമണനന്ദ സരസ്വതിയെ വധിച്ചത് അങ്ങനെയാണ്.
ഇറ്റാലിയൻ ഗാന്ധിയുടെ അടുക്കള ഭരണക്കാലത്ത് ഇന്ത്യയിൽ ഏതാണ്ട് അറുനൂറ് ജില്ലകൾ നക്സൽ ബാധിതമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിൽ അത് ആറായി കുറഞ്ഞു. അഥവാ അമിത്ഷാ കുറച്ചു. അതിലൊന്നാണ് ഈ കന്യാസ്ത്രീകൾക്ക് കുട്ടികളെ കിട്ടിയ നാരായൺപൂർ എന്ന സ്ഥലം ! ഈ വർഷം തന്നെ ഈ ആറ് ജില്ലകളേയും കൂടി നക്സൽ മുക്തമാക്കമെന്നതാണ് കേന്ദ്ര സർക്കാർ നിലപാട്.
പിന്നോക്ക മേഖലകളിൽ 'സേവനം' നടത്തുന്ന സഭ ഇപ്പോൾ തന്നെ വല്ലാതെ അസ്വസ്ഥരാണ്. മതം മാറ്റത്തെ എതിർക്കുന്ന ഹിന്ദു സംഘടനകൾ പിന്തുണക്കുന്ന ബിജെപിയേയും അതിനാൽ തന്നെ അവർ ഒരിക്കലും പിന്തുണക്കില്ല.
ഇതു കാരണം തന്നെ ഇപ്പോൾ ചെയ്തത് പോലെ രാജീവ് ചന്ദ്രശേഖർ ചങ്കു പറിച്ചു കൊടുത്താലും വാഴ നാരാണ് എന്നേയവർ പറയൂ. വലിയൊരു വോട്ട് ബാങ്കാണ് തങ്ങൾ എന്ന 'മിഥ്യാധാരണ' സഭക്കും കേരളത്തിലെ ബിജെപിക്കും ഉണ്ടെന്ന് തോന്നുന്നു.
മിഥ്യാധാരണ എന്ന് പറഞ്ഞത് ശരിയാണെന്നതിന് പിണറായിയുടെ തുടർ ഭരണം തന്നെ ഉദാഹരണം. സഭ പിന്തുണച്ച യുഡിഎഫ് പത്ത് കൊല്ലമായി പ്രതിപക്ഷത്താണ്. സഭ പറയുന്നതു മാത്രം കേട്ട് ദേശീയ വാദികളായ ക്രിസ്ത്യാനികൾ എന്നാലൊട്ട് വോട്ട് മാറ്റികുത്തുകയുമില്ല. സഭ പറഞ്ഞാലും മറ്റ് ചിലർ ബിജെപിക്ക് വോട്ട് ചെയ്യണമെന്നുമില്ല. ഇതൊക്കെയാണ് വസ്തുത.
ബാക്കി വഴിയേ അറിയാം ..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment