Tuesday, 12 August 2025

ഡീപ്പ് സ്‌റ്റേറ്റ് പ്രവർത്തിക്കുന്ന ദുരുഹ വഴികൾ

സുപ്രീം കോടതി സർക്കാരിന് യാതൊരു വിധത്തിലും പങ്കില്ലാത്ത കേസിൽ, ഒരൊറ്റ കോടതി ഉത്തരവാണ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായത്. ബംഗ്ലാദേശിൽ തന്റെ രാജ്യത്തെ നല്ല പുരോഗതിയിലേക്ക് നയിച്ച ഷേഖ് ഹസീനയെ ആട്ടിപ്പായിച്ച ചെറുസംഘടിത കൂട്ടായ്മക്ക് തണലായതും അവിടുത്തെ സർക്കാരിന് പങ്കൊന്നുമില്ലാത്ത ഒരൊറ്റ കോടതി ഉത്തരവാണ്. ഈ രണ്ടു സ്ഥലങ്ങളിലും അതിരൂക്ഷമായ കലാപങ്ങൾക്കും ന്യൂനപക്ഷ വേട്ടക്കും ഹേതുവായത് ഇങ്ങനെ ഓരോ കോടതി ഉത്തരവുകൾ കാരണമാണ് എന്നത് കേവലം യാദ്യശ്ചികമാണോ?. അല്ല എന്നതാണ് സത്യം. തങ്ങളുടെ ഉത്തരവുകൾ പൊതു സമൂഹത്തിൽ ഉണ്ടാക്കുന്ന അലയൊലി അറിയാതെയാണോ ഇക്കണ്ട കോടതികൾ തങ്ങളുടെ ഉത്തരവുകൾ പുറപ്പെടുവിച്ചത് ? തീർച്ചയായും അല്ല എന്നതാണ് അതിനും ഉത്തരം. പിന്നെ എങ്ങനെ എന്നതിന്, "തങ്ങൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ എവിടെ എങ്ങനെ കൊള്ളുമെന്നും, ഏതെല്ലാം തരത്തിലെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും കൃത്യമായി അറിയുന്നവർ തന്നെയാണ് ഈ ഉത്തരവുകൾ ചമച്ചത് എന്നതാണ് ഉത്തരം !” ഒരു രാജ്യത്തെ, ഒരു സംസ്ഥാനത്തെ, ഒരു ജനതയെ അപ്പാടെ അരാജകത്വത്തിലേക്കും, കലാപങ്ങളിലേക്കും തള്ളി വിട്ടത് ആരുടെയോ അച്ചാരം വാങ്ങിയെന്ന് സംശയിക്കാൻ പാകത്തിലുള്ള ചില അന്യായ വിധികർത്താക്കൾ ആണെന്നത് നാം വൈകിയെങ്കിലും തിരിച്ചറിയേണ്ട വസ്തുതയാണ്. ഇത്തരം വിധികർത്താക്കൾ സേവിക്കുന്നത് തങ്ങളുടെ രാജ്യത്തേയും, ജനങ്ങളേയുമല്ല. അവരുടെ ഉത്തരവാദിത്വം ഭരണഘടനയോടോ, രാജ്യത്തോടോ അല്ല, മറിച്ച് വേറെ ചില യജമാനന്മാരോടാണ്... ആ യജമാനന്മാരാണ് ഡീപ്പ് സ്‌റ്റേറ്റ് എന്നറിയപ്പെടുന്ന സാമ്രാജ്യത്വ ശക്തികൾ. ഇവർ വിവിധ രാജ്യങ്ങളിൽ പല വിധ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുന്ന ചാലകങ്ങളിൽ ഒന്നു മാത്രമാണ് ഈ മാർഗ്ഗം. നീതിപീഠത്തിൽ ഇരിക്കുന്ന എല്ലാവരും വഴങ്ങുന്നവരല്ല. എന്നാൽ ചില പുഴുക്കുത്തുകൾ എല്ലാ സംവിധാനത്തിലും ഉണ്ടാകുമല്ലോ? ആ പഴുതാണ് ഇവർ ഉപയോഗിക്കുന്നത്. ചിലർ പണത്തിനും, പദവിക്കും വേണ്ടി അഴിമതിക്കാരാകും, മറ്റു ചിലർ ബ്ലാക്ക്മെയിലിംഗിനും കുടുംബത്തിന്റെ സുരക്ഷയോർത്തും വഴങ്ങും.. നീതിന്യായ വ്യവസ്ഥയിൽ മാത്രമല്ല കേട്ടോ ഈ പഴുതുകൾ. രാഷ്ട്രീയത്തിലാണ് കൂടുതൽ. അത് എല്ലാവർക്കും അറിയുന്നതാണ്. മണിപ്പൂരിലും, ബംഗ്ലാദേശിലും ഉണ്ടായത് നമ്മുടെ കൺമുൻപിൽ ആയിട്ടും ആരും ഇത് കാര്യമായി ചൂണ്ടിക്കാട്ടാത്തതു കൊണ്ട് എടുത്തു പറഞ്ഞതാണ്. ഇന്ത്യൻ ജനാധിപത്യം ഏറ്റവും കൂടുതൽ ഇന്ന് ഭയക്കേണ്ടത് നമ്മുടെ ജുഡീഷ്യറിയിൽ കടന്നു കയറാൻ ശ്രമിക്കുന്ന ആക്റ്റിവിസ്റ്റുകളെയാണ്.. രാജ്യത്തെ ജനങ്ങളെ കൂട്ടക്കൊല ചെയ്തവന്റെ വധശിക്ഷ റദ്ദാക്കാൻ രാത്രി രണ്ടു മണിക്കും തുറക്കുന്ന നീതി പീഠങ്ങളെ ആരെങ്കിലും സംശയദൃഷ്ടിയോട് വീക്ഷിച്ചാൽ അതിശയമൊന്നുമില്ല. ! കേവലം ഒൻപതു കുടുംബങ്ങളിൽ നിന്നു മാത്രമാണ് ഇന്ത്യയിൽ മാറി മാറി തലമുറകളായി സുപ്രീം കോടതി ജഡ്ജിമാർ പിറവി കൊള്ളുന്നത് എന്ന് കുറച്ചു കാലം മുൻപ് ഒരു ദേശീയ ദിനപത്രം വാർത്ത ചെയ്തിരുന്നു. എത്രത്തോളം സത്യമാണെന്ന് പരിശോധിക്കണം. നമ്മുടെ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സമിതിയാണ് കൊളീജിയം സംവിധാനം എന്നറിയപ്പെടുന്ന ന്യായാധിപന്മാരുടെ കൂട്ടായ്മ. അതിൽ പാർലിമെന്റിനു കാര്യമായ ഒരു റോളുമില്ല. കോളീജിയം ശുപാർശ ചെയ്യുന്നവരെ നിയമിക്കാൻ ഉത്തരവ് അടിച്ചു രാഷ്ട്രപതിക്ക് അയക്കുക എന്നത് മാത്രമാണ് കേന്ദ്രമന്ത്രിസഭക്ക് ചെയ്യാൻ കഴിയുന്നത്. ന്യായാധിപന്മാരുടെ ഉത്തരവാദിത്വം ഭരണഘടനയോടാണ് എന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ല, ജനങ്ങളോടോ, ജനങ്ങളുടെ പ്രതിനിധികളായ പാർലിമെന്റിനോടോ ഉത്തരവാദിത്വം ഇല്ലാത്ത ജുഡീഷ്യറി ഒരു നാടിനും ഭൂഷണമല്ല. മണിപ്പൂരും, ബംഗ്ലാദേശും നമുക്ക് തരുന്ന മുന്നറിയിപ്പ് അതാണ് ! രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment