Monday, 4 August 2025

ഇന്ത്യ-യുകെ ബന്ധത്തിലെ പുതുവസന്തം

ഇന്ത്യ-യു.കെ. ബന്ധത്തിൽ പുതുവസന്തം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ. സന്ദർശനവും, ചരിത്രപരമായ വ്യാപാര കരാറും ****************************** ഇന്ത്യക്കാരനും ഇൻഫോസിസ് ചെയർമാൻ നാരായണ മൂർത്തിയുടെ മരുമകനുമായിരുന്ന ഋഷി സുനക്ക് ബ്രിട്ടൻ്റെ പ്രധാനമന്ത്രി ആയിരുന്നിട്ടും, കഴിഞ്ഞ ഏതാണ്ട് ഒന്നൊന്നര-രണ്ട് വർഷത്തിലേറെയായി തികച്ചും നെഗറ്റീവായ വാർത്തകളാണ് ഇന്ത്യക്കാർക്ക് യുകെയിൽ നിന്നും കേൾക്കാൻ ഉണ്ടായിരുന്നത്. കുടിയേറ്റ ഇന്ത്യക്കാർക്കും, വിദ്യാർത്ഥികൾക്കും വിസാ നിയന്ത്രണങ്ങൾ തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ഇന്ത്യക്കാരെ മോശമായി ബാധിക്കുന്നവ അഥവാ ആശങ്കകൾ ഉണ്ടാക്കുന്നവയായിരുന്നു. ഇതിനിടെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നലെയും ഇന്നുമായി നടത്തിയ ദ്വിദിന യു.കെ. സന്ദർശനം (2025 ജൂലൈ 23-24) നിർണ്ണായകമാകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ ക്ഷണപ്രകാരമാണ് മോദി ലണ്ടനിലെത്തിയത്. ഇന്ത്യക്ക് അത്യന്തം ഗുണകരമായ വ്യാപാരക്കരാറിലും വിസാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യക്കാർക്ക് അനുകൂലമായ ഒട്ടേറെ തീരുമാനങ്ങളുമായാണ് ഇന്ന് മോദി മടങ്ങുന്നത്. ഏറ്റവും പ്രധാനം ഇന്ന് ഒപ്പു വച്ച സ്വതന്ത്ര വ്യാപാര കരാറാണ് (എഫ്.ടി.എ.). മൂന്ന് വർഷത്തെ ചർച്ചകൾക്കും നാലുവർഷത്തെ കാത്തിരിപ്പിനും ശേഷമാണ് സുപ്രധാനമായ ഈ കരാർ യാഥാർത്ഥ്യമായത്. ഇത്, ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങളെ കൂടുതൽശക്തമാക്കും. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഭീഷണിപ്പെടുത്തിയ യുഎസ് സെനറ്ററും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ ലിൻഡ്സെ ഗ്രഹാമിന് (Lindsey Graham) മുഖമടച്ചു നൽകിയ അടി കൂടിആണ് ഈ കരാർ. ഫലത്തിൽ ആ അടി കൊണ്ടത് പ്രസിഡൻ്റ് ട്രംപിന് തന്നെയാണ് താനും. 2020-ൽ യൂറോപ്യൻ യൂണിയനിൽനിന്ന് പിന്മാറിയ ശേഷം യു.കെ. ഒപ്പുവെച്ച ഏറ്റവും വലിയ വ്യാപാര കരാറായാണ് ഇന്ത്യയുമായുള്ളത് എന്നതാണ് ഈ ഉടമ്പടിയുടെ ഏറ്റവും പ്രത്യേകത. ഇന്ത്യയുടെ കാര്യത്തിലാകട്ടെ, ഒരു വികസിത രാജ്യവുമായുള്ള ഏറ്റവും വലിയ വ്യാപാര കരാർ എന്ന നേട്ടവും ഇതിന് സ്വന്തം. ഇന്ത്യൻ ബിസിനസുകാർക്ക് ഗുണകരമാക്കുന്ന വ്യാപാര കരാറിന്റെ മുഖ്യാംശങ്ങൾ താഴെ പറയുന്നു:' ഇന്ത്യ-യു.കെ. സ്വതന്ത്ര വ്യാപാര കരാർ അഥവാ Comprehensive Economic and Trade Agreement - CETA എന്നാണ് ഈ കരാർ അറിയപ്പെടുന്നത്. ലണ്ടനിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ വാണിജ്യമന്ത്രി പീയൂഷ് ഗോയലും യു.കെ.യുടെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും കരാറിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഇതിന് സാക്ഷ്യം വഹിച്ചു. വ്യാപാര കരാറിന്റെ പ്രാധാന്യം: 2020-ലെ കോവിഡ് കാലശേഷം യു.കെ. ഒപ്പുവെച്ച ഏറ്റവും വലിയ വ്യാപാര കരാറാണിത്. ഇന്ത്യയുടെ കാര്യത്തിൽ, ഒരു വികസിത രാജ്യവുമായുള്ള ഏറ്റവും പ്രധാനപ്പെട്ട കരാർ എന്ന നിലയിൽ ഇത് ചരിത്രത്തിൽ ഇടംനേടുന്നു. ഇന്ത്യയ്ക്കുള്ള നേട്ടങ്ങൾ • 2024-25-ൽ ഇന്ത്യയുടെ യു.കെ.യിലേക്കുള്ള കയറ്റുമതി 12.6% വർധിച്ച് 14.5 ബില്യൺ ഡോളറിലെത്തിയിരുന്നു. • കയറ്റുമതി മേഖലയ്ക്ക് ഉത്തേജനം: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99% ഉൽപ്പന്നങ്ങൾക്കും യു.കെ. തീരുവ ഒഴിവാക്കും. ഇതിൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, സമുദ്രോൽപ്പന്നങ്ങൾ, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, സ്വർണം, വജ്രം, ലെതർ ഉൽപ്പന്നങ്ങൾ, എൻജിനീയറിംഗ് ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ ആശ്വാസവും വിപണി വിപുലീകരണവും നൽകും. • കേരളത്തിനുമുണ്ട് ഗുണം : കേരളത്തിന്റെ കയറ്റുമതി മേഖലയിൽ 60% സ്വർണ-രത്നാഭരണങ്ങളും 9% സമുദ്രോൽപ്പന്നങ്ങളും 4% സുഗന്ധവ്യഞ്ജനങ്ങളും 1.1% തേയിലയുമാണ്. ഈ മേഖലകൾക്ക് തീരുവ ഇളവ് വലിയ ഗുണം ചെയ്യും. 2024-25-ൽ തേയില കയറ്റുമതിയിൽ 13.43% വളർച്ച കൈവരിച്ച കേരളത്തിന് ഈ കരാർ പുതിയ അവസരങ്ങൾ തുറക്കുന്നു. • വ്യാപാര വർധന: കരാറിലൂടെ ഇന്ത്യ-യു.കെ. വ്യാപാരം 34 ബില്യൺ യു.എസ്. ഡോളർ വർധിക്കുമെന്നാണ് പ്രതീക്ഷ. 2030 ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 120 ബില്യൺ ഡോളറിലെത്തിക്കാനുള്ള ലക്ഷ്യവും ഈ കരാർ മുന്നോട്ടുവെക്കുന്നു. • വിദ്യാഭ്യാസ മേഖല: യു.കെ.യിലെ ആറ് സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കും, ഇത് ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കും. യു.കെ.ക്കുള്ള ആനുകൂല്യങ്ങൾ • ഇറക്കുമതി തീരുവ കുറയ്ക്കൽ: യു.കെ.യിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 90% ഉൽപ്പന്നങ്ങൾക്ക് തീരുവ കുറയ്ക്കും. 10 വർഷത്തിനുള്ളിൽ 85% ഉൽപ്പന്നങ്ങൾക്ക് തീരുവ പൂർണമായി ഒഴിവാകും. സ്കോച്ച് വിസ്കി, ജിൻ, റേഞ്ച് റോവർ പോലുള്ള ആഡംബര കാറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ചോക്ലേറ്റുകൾ, ബിസ്ക്കറ്റുകൾ എന്നിവയ്ക്ക് ഇന്ത്യൻ വിപണിയിൽ വില കുറയും. ടാറ്റയുടെ ഉടമസ്ഥതയിൽ ആണെങ്കിലും റേഞ്ച് റോവറുകളും, ജാഗ്വാറും യുകെ കമ്പിനികളാണ്. ഇതിനിനി ഇന്ത്യയിൽ വില കുറയും. • വ്യവസായ മേഖല: യു.കെ.യുടെ കാർ, വിസ്കി, വ്യോമയാന യന്ത്രഭാഗങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. ഇതിൽ ചില ആശങ്കകളും വെല്ലുവിളികളും ഉണ്ട് കേട്ടോ..! യു.കെ. നിർമിത ആഡംബര കാറുകളുടെ തീരുവ 100%-ൽനിന്ന് 10%-ലേക്ക് കുറച്ചത് ഇന്ത്യയുടെ ആഭ്യന്തര വാഹന നിർമാണ മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാം. മഹീന്ദ്രാ തുടങ്ങിയവയുടെ ആഭ്യന്തര വിപണികളെ ഇത് ബാധിക്കാനിടയുണ്ട്. കാർബൺ ടാക്സിൽ ഇളവ് ലഭിക്കാത്തത് ഇന്ത്യയുടെ ദീർഘകാല വ്യാപാര താൽപ്പര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നതാണ് മറ്റൊരു വിമർശനം. എന്നാൽ, അതൊക്കെ പാക്കലാം എന്ന മട്ടിലാണ് മോദി, യു എസ്സിനെ നേരിട്ട് വെല്ലുവിളിക്കും പോലെ ഈ കരാറിൽ ഏർപ്പെട്ടത്.
സാമ്പത്തികേതര ചർച്ചകളും സഹകരണവും: വ്യാപാര കരാർ മാത്രമല്ല, മോദിയുടെ യു.കെ. സന്ദർശനത്തിൽ മറ്റ് മേഖലകളിലും സുപ്രധാന ചർച്ചകൾ നടന്നു. സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഇന്ത്യക്കാർക്കുള്ള കുടിയേറ്റ, വിദ്യാഭ്യാസ വിസകൾ തുടങ്ങിയവയിലും ചർച്ചകൾ ഉണ്ടായി. 3000 സ്റ്റുഡൻ്റ് വിസകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുവദിച്ചത് അപ്രതീക്ഷിത നേട്ടമായി. ഒപ്പം വരും ദിവസങ്ങളിൽ ഇന്ത്യക്കാർക്ക് മാത്രമായി യുകെ വിസ, കുടിയേറ്റ ചട്ടങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്താനും ഉള്ള തുടർ ചർച്ചകൾ നടക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്ക് യു.കെ. നൽകിയ പിന്തുണയ്ക്ക് നന്ദി കൂടി പ്രകാശിപ്പിച്ചാണ് സന്ദർശനം വിജയകരമായി പൂർത്തിയാക്കി മോദി മാലി ദ്വീപിലേക്ക് പോകുന്നത്. രഞ്ജിത്ത് ഗോപാലകൃഷ്ണൻ Narendra Modi #PiyushGoyal #PMOIndia

No comments:

Post a Comment