Tuesday, 12 August 2025

സുപ്രീം കോമഡി

സുപ്രീം കോമഡി ജുഡീഷ്യറി സംവിധാനത്തിലെ ഒരു കൂട്ടം പേര്‍ ചേര്‍ന്ന് ജഡ്‌ജിമാരെ നിയമിക്കുന്ന ജനാധിപത്യപരമല്ലാത്ത കൊളീജിയം ഏർപ്പാട് മാറ്റാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ 2015 ല്‍ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്ന്റ്മെന്റ്സ് കമ്മീഷന്‍ നിയമം കൊണ്ടു വന്നത്. 2014 ൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ഈ ബിൽ പാർലമെന്റിന്റെ ഇരുസഭകളും എതിര്‍പ്പു കൂടാതെയാണ് അന്ന് പാസാക്കിയത്. ഈ നിയമ പ്രകാരം ജഡ്‌ജിമാരെ തിരഞ്ഞെടുക്കുന്നത് ഒരു കമ്മീഷനാണ്. ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരായിരുന്നു കമ്മിഷനംഗങ്ങൾ. എന്നാൽ പാർലമെന്റ് പാസാക്കി കൊണ്ട് വന്ന ആ നിയമത്തെ റദ്ദാക്കി കൊണ്ടാണ് അന്ന് സുപ്രീം കോടതി അവരുടെ മേൽക്കോയ്‌മ പ്രകടിപ്പിച്ചത്. ആ സുപ്രീം കോടതി ഇന്നിപ്പോൾ പറയുന്നത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ചേർന്ന ഒരു സമിതിയാകണം ജനാധിപത്യത്തിന്റെ നട്ടെല്ലായ തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് എന്നതാണ്. അതിന്റെ കാരണം പറയുന്നതോ, തിരഞ്ഞെടുപ്പ് സുതാര്യമാക്കാൻ വേണ്ടിയും.. ഇതിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വേണം എന്നത് ന്യായമാണ്. എന്നാൽ കൊളീജിയം തിരഞ്ഞെടുക്കുന്ന സുപ്രീം കോടതി ജഡ്‌ജിക്കെന്താ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ കാര്യം..? ഈ കൊളീജിയം എന്നത് പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിലൂടെയോ അല്ലേൽ മറ്റെന്തെലും രീതിയിൽ ജനാധിപത്യപരമായോ നിലവിൽ വന്ന ഒന്നല്ലല്ലോ. അതിൽ അംഗങ്ങൾ ആയിട്ടുള്ളതോ ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്‌ജിമാരും മാത്രവും. അതും ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ചീഫ് ജസ്റ്റിസാണ് എന്നുമോർക്കണം. അതായത് രാജ്യ ഭരണത്തെ പോലെ തന്റെ പിന്തുടർച്ചക്കാരെ പ്രഖ്യാപിക്കുന്ന ഒരു രീതി. ഈ കൊളീജിയം ആണ് തീരുമാനിക്കുക രാജ്യത്തെ കോടതികളിൽ ആരൊക്കെ ജഡ്‌ജി ആയി വേണം എന്നത്. അതിലെന്ത് സുതാര്യത ആണുള്ളത്..? എന്നിട്ട് എന്ത് കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന കാര്യത്തിൽ ഉണ്ടാവേണ്ട സുതാര്യത സ്വന്തം കാര്യത്തിൽ വേണം എന്നത് സുപ്രീം കോടതിക്ക് തോന്നാത്തത്..? ഇനിയിപ്പൊ രാജ്യത്തിന്റെ ഭരണഘടനക്കും മുകളിൽ ആണോ സുപ്രീം കോടതി..? Posted by രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി

No comments:

Post a Comment